കണ്ണൂർ: നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള പോലീസിന്റെ വിവിധപദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


രാജ്യത്തെ ആകെ സ്ഥിതി പരിശോധിച്ചാൽ എല്ലാ അർത്ഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും എന്നാൽ ഈ അന്തരീക്ഷം മലിനമാക്കാൻ ചില ഭാഗങ്ങളിൽ നിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ ഏവർക്കും ബോധ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Police do not need to wait for anyone's permission to take action against illegal activities: Chief Minister